ജപ്തി ചെയ്ത വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
Tuesday, April 1, 2025 5:10 PM IST
അമ്പലപ്പുഴ: ബാങ്ക് അധികൃതർ ജപ്തി ചെയ്ത വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭുലാൽ (38) ആണ് മരിച്ചത്.
കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന യുവാവ് ജോലിക്കിടെ വീണു നട്ടെല്ലിനു പരിക്കേറ്റു വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇതോടെ കേരള ബാങ്കിൽ നിന്ന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങി.
ബാങ്ക് അധികൃതർ ജപ്തി നടപടിയുമായി മുന്നോട്ടു പോയപ്പോൾ മുതൽ പ്രഭുലാൽ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രഭുലാൽ മരിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തി.
നാട്ടുകാരുടെ നേതൃത്വത്തിൽ വീടിന്റെ പൂട്ടു പൊളിച്ചു പ്രഭുലാലിന്റെ മാതാപിതാക്കളെ അകത്തു പ്രവേശിപ്പിച്ചു. പുന്നപ്ര പോലീസിൽ ബന്ധുക്കൾ പരാതി നൽകി.