ഗുജറാത്ത് പൊരുതി വീണു; പഞ്ചാബ് കിംഗ്സിന് ആവേശ ജയം
Tuesday, March 25, 2025 11:49 PM IST
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിംഗ്സിന് 11 റൺസിന്റെ ആവേശ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
അരങ്ങേറ്റക്കാരൻ പ്രിയാൻഷ് ആര്യയുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച തുടക്കം നൽകിയത്. 23 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം പ്രിയാൻഷ് 47 റൺസെടുത്തു. പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ നടത്തിയ വെടിക്കെട്ട് പഞ്ചാബിനെ മികച്ച സ്കോറിലേക്കെത്തിച്ചു.
42 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്സറും സഹിതം ശ്രേയസ് അയ്യർ 97 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിൽ ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായി കിഷോറും മികച്ച തുടക്കമാണ് നൽകിയത്. 14 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം ഗിൽ 33 റൺസെടുത്തു.
41 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 74 റൺസെടുത്ത സായി സുദർശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ. ജോസ് ബട്ലർ 54 റൺസും ഷെർഫേൻ റൂഥർഫോർഡ് 46 റൺസുമെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് രണ്ടു വിക്കറ്റ് എടുത്തു. ശ്രേയസ് അയ്യരെ കളിയിലെ താരമായി തെരഞ്ഞെടുത്തു.