ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസ് അഭിഷിക്തനായി
Tuesday, March 25, 2025 10:26 PM IST
ബെയ്റൂട്ട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ചുമതലയേറ്റു. ബെയ്റൂട്ട് അറ്റ്ചാനെ സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തിയ ചടങ്ങിൽ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു.
ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ എന്ന സ്ഥാനപ്പേരാണ് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സ്വീകരിച്ചത്. ഔദ്യോഗിക സംഘത്തെ അയച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാത്രിയാര്‍ക്കീസ് ബാവ ആമുഖ പ്രസംഗത്തിൽ പ്രത്യേകം നന്ദി അറിയിച്ചു. ഇന്ത്യയുടെ മറ്റുമതങ്ങളോടുള്ള സഹിഷ്ണുതയേയും സ്നേഹത്തേയും ബാവ പ്രത്യേകം പരാമർശിച്ചു.
കേരള മുഖ്യമന്ത്രി പിണറായി വിജയനും ബാവ നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സഭയോട് കാണിക്കുന്ന സ്നേഹത്തിനും സർക്കാർ പ്രതിനിധി സംഘത്തെ അയച്ചതിലും നന്ദി അറിയിക്കുന്നതായും ബാവ പറഞ്ഞു.
യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ ചടങ്ങിൽ സഹകാര്‍മികരായി.യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും ചടങ്ങിന്റെ ഭാഗമായി.
മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങില്‍ സന്നിഹിതരായി. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള സംഘവും ചടങ്ങിൽ പങ്കെടുത്തു. സഭാ ഭാരവാഹികളും വിശ്വാസികളും ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് നാനൂറോളം പേര് ചടങ്ങില്‍ പങ്കെടുത്തു.