ഡ്രൈവർക്ക് ബിപി കൂടി; കെഎസ്ആർടിസി ബസ് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി
Tuesday, March 25, 2025 6:47 PM IST
തിരുവനന്തപുരം: ഡ്രൈവർക്ക് ബിപി കൂടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ നാലു ടൂവീലറുകൾ പൂർണമായും തകർന്നു.
തിരുവനന്തപുരത്ത് നിന്നും വിതുര ഭാഗത്തേക്ക് പോയ ബസാണ് ഇലക്ട്രിക് പോസ്റ്റും ടൂവീലറുകളും ഇടിച്ചു തകർത്തത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവറെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയ ബസ് സമീപത്തെ പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.