ശന്പളം വർധിപ്പിക്കണം; തമിഴ്നാട്ടിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശമാരുടെ സമരം
Tuesday, March 25, 2025 4:12 PM IST
ചെന്നൈ: ശന്പള വർധന ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആശാ വർക്കമാരുടെ സമരം. ശമ്പളം 26,000 രൂപയാക്കുക എന്നതാണു പ്രധാന ആവശ്യം.
പത്ത് വർഷം സേവനം പൂർത്തിയാക്കിയവർക്ക് ആരോഗ്യവിഭാഗത്തിൽ ജോലി നൽകുക, 24 മണിക്കൂറും ജോലിയെടുപ്പിക്കുന്നതു നിർത്തലാക്കുക തുടങ്ങിയ ഒൻപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഊട്ടിയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കളക്ടറേറ്റ് വളപ്പിലേക്കു തള്ളിക്കയറാൻ ശ്രമിച്ച 109 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന സെക്രട്ടറി സീതാലക്ഷ്മി ഉൾപ്പെടെ അറസ്റ്റിലായി.
കേരളത്തിലെ പോലെ തങ്ങളും ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സീതാലക്ഷ്മി അറിയിച്ചു. സംസ്ഥാനത്തുടനീളം നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് ഊട്ടിയിലും പ്രതിഷേധം നടന്നത്.