സൂരജ് വധക്കേസ്; കുറ്റവാളികൾക്ക് അഭിവാദ്യവുമായി സിപിഎം പ്രവർത്തകർ
Monday, March 24, 2025 5:01 PM IST
കണ്ണൂർ: മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ കുറ്റവാളികളെ അഭിവാദ്യം ചെയ്ത് സിപിഎം പ്രവർത്തകർ. "വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ... നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ, ചോരപ്പൂകൊണ്ടഭിവാദ്യങ്ങൾ..' എന്ന മുദ്രവാക്യമാണ് പ്രവർത്തകർ മുഴക്കിയത്.
ശിക്ഷാ വിധിക്കു ശേഷം ഇവരെ തലശേരി കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് സിപിഎം പ്രവർത്തകർ അഭിവാദ്യം ചെയ്ത് മുദ്യാവാക്യം മുഴക്കിയത്. കേസിൽ എട്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു. പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷമാണ് ശിക്ഷ.
രണ്ട് മുതൽ ഒമ്പത് വരേയുള്ള പ്രതികൾക്കാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്. ഒന്നാംപ്രതി കേസിന്റെ വിചാരണ വേളയിൽ മരണപ്പെട്ടിരുന്നു. ശിക്ഷാവിധി കേൾക്കാൻ നൂറ് കണക്കിന് സിപിഎം പ്രവർത്തകർ കോടതി വളപ്പിൽ എത്തിയിരുന്നു.
ടി.പി. കേസ് കുറ്റവാളി ടി.കെ.രജീഷ്, എൻ.വി.യോഗേഷ്, കെ.ഷംജിത്ത്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ മനോരാജ്, സജീവൻ, സിപിഎം മുൻ ലോക്കൽ സെക്രട്ടറിമാരായ പ്രഭാകരൻ, കെ.വി.പത്മനാഭൻ, രാധാകൃഷ്ണൻ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.