ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു
Monday, March 24, 2025 12:52 PM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പ്രകാശ് ജാവദേക്കർ കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ടു വച്ചു. ഐകകണ്ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. ബംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിനായി പ്രവർത്തിച്ചയാളാണ് രാജീവെന്നും കരുത്തനായ മലയാളിയാണെന്നും ജോഷി കൂട്ടിച്ചേർത്തു.
അതേസമയം, കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞെന്ന് സ്ഥാനമൊഴിയുന്ന കെ. സുരേന്ദ്രൻ പറഞ്ഞു. ദൈനംദിന പ്രവർത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. കൈവച്ച മേഖലകളിലെ ഉജ്വല നേട്ടം ബിജെപിക്ക് ഊർജം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് തുടങ്ങിയവരുടെ പേരുകള്‍ സജീവ ചര്‍ച്ചയായിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്നതോടെ കോര്‍ കമ്മിറ്റി യോഗം അംഗീകാരം നല്‍കുകയായിരുന്നു.