നാട്ടാന പരിപാലനം: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Monday, March 24, 2025 12:03 PM IST
കൊച്ചി: നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി പ്രത്യേക ഡിവിഷന് ബെഞ്ച് ഇന്നു പരിഗണിക്കും. ജസ്റ്റീസുമാരായ ഡോ. എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹര്‍ജികളില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വസ്തുതകള്‍ മറച്ചുവച്ചെന്ന ആക്ഷേപത്തില്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ മറുപടി നല്‍കും.
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും മറുപടി നല്‍കും. സുപ്രീം കോടതിക്ക് മുന്പില് എന്തായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതികളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
കേരളത്തില്‍ ആനയിടഞ്ഞുണ്ടായ സംഭവങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡിവിഷന് ബെഞ്ച് ഉയര്‍ത്തിയ മറ്റൊരു സംശയം. അനുകൂല ഉത്തരവിനായി അഭിഭാഷകര്‍ക്ക് തന്ത്രങ്ങളാകാം. പക്ഷേ അതിരുവിടരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ ഓര്‍മപ്പെടുത്തല്‍. ഈ വിമര്‍ശനങ്ങളിലാണ് അഭിഭാഷകര്‍ മറുപടി നല്‍കേണ്ടത്.