സുരേഷ് ഗോപിയെ സമരപ്പന്തലിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്ന് ആശാസമരസമിതി
Monday, March 24, 2025 11:36 AM IST
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരപ്പന്തലിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ആരും ക്ഷണിച്ചിട്ടില്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.മിനി. ആശാ പ്രവർത്തകരിൽ ആരെങ്കിലും നേരിട്ട് കണ്ട് വിളിച്ചതാകാമെന്നും അവർ പറഞ്ഞു.
സമരസമിതിയുടെ ഭാഗത്തുനിന്ന് സുരേഷ് ഗോപിക്ക് ക്ഷണം ഉണ്ടായിട്ടില്ല. സമരത്തിൽ എല്ലാ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവരുണ്ട്. എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ നേതാക്കളെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയെയും കണ്ട് സംസാരിച്ചിട്ടുണ്ടാകും. സുരേഷ് ഗോപിയെ വിളിച്ചതിൽ തെറ്റില്ല. കേന്ദ്ര നേതാക്കളെ കാണുന്നത് കുറ്റമാണോ എന്നും മിനി ചോദിച്ചു. ഇടതുപക്ഷക്കാരെയും വിളിച്ചിരുന്നു. പക്ഷേ അവരാരും സമരപ്പന്തലില്‍ എത്തിയില്ല.
പ്രശ്നപരിഹാരമാണ് എപ്പോഴും തങ്ങളുടെ ലക്ഷ്യമെന്നും മിനി കൂട്ടിച്ചേർത്തു.