ട്രെയിനുകള്‍ വൈകി; ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കും തിരക്കും
Monday, March 24, 2025 4:25 AM IST
ന്യൂഡൽഹി: അഞ്ചു ട്രെയിനുകള്‍ വൈകിയതിനെ തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ തിക്കും തിരക്കും. 12, 13 പ്ലാറ്റ്ഫോമിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനായെന്നും മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും പോലീസ് പറഞ്ഞു.
8.05ന് എത്തേണ്ടിയിരുന്ന ശിവഗംഗ എക്സ്പ്രസ് 9.20 നാണ് എത്തിയത്. 9.15ന് പുറപ്പെടേണ്ട സ്വാന്ത്ര്യസമര സേനാനി എക്സ്പ്രസ് ഈ സമയം പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നതും തിരക്ക് വർധിപ്പിച്ചു. 9.25 ന് സ്റ്റേഷനില്‍ നിന്നും പുറപ്പെടേണ്ട ജമ്മു രാജഥാനി എക്സ്പ്രസ് വൈകി.
പത്തിന് ഷെഡ്യൂള്‍ ചെയ്ത ലക്നോ എക്സ്പ്രസ് വൈകിയതും രണ്ട് പ്ലാറ്റ്ഫോമിലും യാത്രക്കാര്‍ നിറയാന്‍ കാരണമായെന്ന് അധികൃതർ വിശദീകരിച്ചു. കഴിഞ്ഞ ഫെബ്രുവരി 15 നും സമാനമായ തിരക്ക് സ്റ്റേഷനില്‍ അനുഭവപ്പെട്ടിരുന്നു.
പ്രയാഗ് രാജിലെ മഹാകുംഭമേളയിലേക്കുള്ള പ്രത്യേക ട്രെയിന്‍ അനൗണ്‍സ് ചെയ്തതോടെയുണ്ടായ തിരക്കില്‍പ്പെട്ട് 18 പേര് മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.