ആവേശപ്പോരിൽ മുംബൈയെ തകർത്ത് ചെന്നൈ
Sunday, March 23, 2025 11:25 PM IST
ചെന്നൈ: ഐപിഎല്ലിന്റെ 18-ാം സീസണിൽ വിജയത്തോടെ തുടങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്. ചെന്നൈയിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിന് തോൽപ്പിച്ചു.
അവസാന ഓവർ വരെ നീണ്ട മത്സരത്തിനൊടുവിലാണ് ചെന്നൈ വിജയിച്ചത്. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ചെന്നൈ മറികടന്നു.
ഓപ്പണറായി കളത്തിലിറങ്ങി ചെന്നൈയുടെ വിജയം ഉറപ്പിക്കുന്നതു വരെ ക്രീസിൽ നിലയുറപ്പിച്ച രചിൻ രവീന്ദ്രയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തിൽ നിർണായകമായത്. 45 പന്തിൽ 65 റൺസുമായി രചിൻ രവീന്ദ്ര പുറത്താകാതെ നിന്നു.
നായകൻ റുതുരാജ് ഗെയ്ക്വാദും തിളങ്ങി. 26 പന്തിൽ 53 റൺസാണ് ഗെയ്ക്വാദ് എടുത്തത്. മുംബൈയ്ക്ക് വേണ്ടി മലയാളി താരം വിഘ്നേഷ് പുത്തൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ദീപക്ക് ചാഹറും വിൽ ജാക്ക്സും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.