തുടക്കം ഗംഭീരമാക്കി സൺറൈസേഴ്സ്; രാജസ്ഥാൻ റോയൽസിനെതിരെ മിന്നും ജയം
Sunday, March 23, 2025 7:58 PM IST
ഹൈദരാബാദ്: ഐപിഎൽ പതിനെട്ടാം സീസണിൽ ഗംഭീര വിജയത്തോടെ തുടങ്ങി സൺറൈസേഴ്സ് ഹൈദരാബാദ്. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 44 റൺസിന് തകർത്തു.
സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും ധ്രുവ് ജുറെലിന്റെയും തകർപ്പൻ പ്രകടനത്തിനും രാജസ്ഥാനെ വിജയിപ്പിനായില്ല.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി.
രണ്ടാം ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായ രാജസ്ഥാന് പവർ പ്ലേ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ഒത്തുച്ചേർന്ന സഞ്ജുവും ധ്രുവ് ജുറെലും രാജസ്ഥാനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചു. ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
37 പന്തിൽ ഏഴ് ബൗണ്ടറികളും നാല് സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 70 റൺസാണ് ധ്രുവ് ജോറൽ നേടിയത്. അഞ്ച് ബൗണ്ടറികളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു ജോറലിന്റെ ഇന്നിംഗ്സ്. മൂന്ന് പന്തുകളുടെ വ്യത്യാസത്തിൽ ഇരുവരെയും മടക്കിയയച്ച് സൺറൈസേഴ് മത്സരം തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.
അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. ദുബെ 11 പന്തിൽ 34 റൺസും ഹെറ്റ്മെയർ 23 പന്തിൽ 42 റൺസും നേടി. സൺറൈസേഴ്സിന് വേണ്ടി സിമർജിത്ത് സിംഗും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമിയും ആദം സാംപയും ഓരോ വിക്കറ്റ് വീതവും എടുത്തു.