മകന്റെ മരിച്ചതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻശ്രമം; രണ്ടാം നിലയിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതര പരിക്ക്
Monday, March 17, 2025 3:59 AM IST
ജയ്പുർ: മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ആശുപത്രി കെട്ടിടത്തിന്റെ രണ്ടാംനിലയിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിക്ക് പരിക്ക്. രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ കോട്വാലി മേഖലയിലാണ് സംഭവം.
രേഖ ലോഹർ(40) എന്ന യുവതിക്കാണ് പരിക്കേറ്റത്. കൈകൾക്കും കാലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ രേഖാ ലോഹർ ജവഹർലാൽ നെഹ്റു ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ യോഗേഷ് കുമാർ(18) മരിച്ചതിന് പിന്നാലെയാണ് രേഖ ജീവനൊടുക്കാൻ ശ്രമിച്ചത്. യോഗേഷ് അബദ്ധത്തിൽ മരുന്ന് കഴിച്ചതിനെ തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് കുമാർ പറഞ്ഞു.
നാല് ദിവസമായി ചികിത്സയിലായിരുന്ന യോഗേഷ് ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. രേഖയുടെ ഭർത്താവ് രാകേഷ്, ഡ്രൈവറായി ജോലി ചെയ്യുകയാണ്.