പെരുമ്പാവൂരിൽ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു
Monday, February 17, 2025 12:04 PM IST
പെരുമ്പാവൂർ: എംസി റോഡിൽ ഒക്കൽ നമ്പിളി ജംഗ്ഷന് സമീപം ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു കാറിനാണ് തീപിടിച്ചത്. മൂവാറ്റുപുഴ പായിപ്ര സ്വദേശി നിഷാദിന്റേതാണ് കാർ.
പുക ഉയരുന്നത് കണ്ട് നിർത്തിയപ്പോഴാണ് തീ ആളിപ്പടർന്നത്. ഉടൻ കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ബാഗുകൾ എടുത്ത് മാറ്റിയപ്പോഴേക്കും കാർ പൂർണമായും കത്തി. വിവരമറിഞ്ഞ് പെരുമ്പാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.