വ്യവസായ മുന്നേറ്റം ഉണ്ടായത് യുഡിഎഫിന്റെ കാലത്ത്: പി.കെ. കുഞ്ഞാലിക്കുട്ടി
Sunday, February 16, 2025 11:01 AM IST
മലപ്പുറം: സംസ്ഥാനത്ത് വ്യവസായ മുന്നേറ്റം ഉണ്ടായത് യുഡിഎഫിന്റെ കാലത്താണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ വ്യവസായമന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. കേരളത്തിലെ മാറ്റത്തിന് കാരണം യുഡിഎഫാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എടുത്ത് പറഞ്ഞു കൊണ്ടാണ് ശശി തരൂരിന്റെ ലേഖനത്തിന് കുഞ്ഞാലിക്കുട്ടി മറുപടി നൽകിയത്.
വികസനത്തിനു തുടക്കമിട്ടത് യുഡിഎഫാണ്. താൻ വ്യവസായമന്ത്രിയായിരുന്ന കാലത്ത് വലിയ മാറ്റങ്ങളുണ്ടായി.
കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് ആന്റണി സർക്കാരാണ്. പല ലോകോത്തര ആശയങ്ങളും കേരളത്തിലെത്തിച്ചത് ആന്റണി സർക്കാരാണ്.
നിക്ഷേപങ്ങൾക്ക് അനുകൂലമായ നയമല്ല ഒരു കാലത്തും ഇടതു സർക്കാരുകളുടേത്. ചില ഇടത് സർക്കാരുകളുടെ നയം തന്നെ പൊളിച്ചടുക്കലാണ്.
കിൻഫ്രയും ഇന്‍ഫോപാര്‍ക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നു. യുഡിഎഫ് പ്രതിപക്ഷത്തായപ്പോള്‍ ആ നിലപാടല്ല സ്വീകരിച്ചത്.
വികസനത്തിൽ സഹകരിച്ചവരാണ് യുഡിഎഫ്. ഇടതുപക്ഷം യുഡിഎഫ് സര്‍ക്കാരുമായി സഹകരിച്ചില്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലാത്തതിന് കാരണം ഇടതുമുന്നണിയാണ്. ആ തൊപ്പി അവര്‍ക്കാണ് ചേരുക.
വ്യവസായ നയങ്ങളിലെ എല്ലാ മാറ്റങ്ങള്‍ക്കും കാരണം യുഡിഎഫ് ആണ്. ഇടതുപക്ഷമാണ് തടസം നിന്നത്. നെഗറ്റീവ് നിലപാടായിരുന്നു അന്ന് ഇടതുപക്ഷം സ്വീകരിച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.