വനിതാ ആഷസ്; ഓസീസിന് ജയം
Thursday, January 23, 2025 6:35 PM IST
കാൻബറ: വനിതാ ആഷസ് ട്വന്റി-20 യിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ്ക്ക് ജയം. രണ്ടാം മത്സരത്തിൽ മഴ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആറു റൺസ് വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ 185/5, ഇംഗ്ലണ്ട് 168/4 (19.1).
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസീസ് വനിതകൾ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് നാലു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തപ്പോൾ മഴയെത്തി.
ഇതോടെ മഴ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഓസീസ് ആറു റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഓപ്പണർ ബേത് മൂണി (44), ക്യാപ്റ്റൻ തഹ്ലിയ മക്ഗ്രാത്ത് (പുറത്താകാതെ 48), ഗ്രേസ് ഹാരിസ് (പുറത്താകാതെ 35), അന്നബെൽ സതർലൻഡ് (18), ഫോബെ ലിച്ച്ഫീൽഡ് (17) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
ഇംഗ്ലണ്ടിനായി ഡാനിയേൽ വയാറ്റ് ഹോഡ്ജ് (52), സോഫിയ ഡങ്ക്ലി (32), ഹീതർ നൈറ്റ് (43) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിനായ മേഗൻ ഷട്ട് രണ്ടും കിം ഗാർത്ത് അന്നബെൽ സതർലാൻഡ് എന്നിവർ ഓരോ വിക്കറ്റ് നേടി.
ജയത്തോട മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-0 ഓസ്ട്രേലിയ സ്വന്തമാക്കി. നേരത്തെ ഏകദിന പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.