ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ കേസ്; കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും
Sunday, December 22, 2024 3:25 AM IST
ഇടുക്കി: നിക്ഷേപ തുക തിരിച്ചു നൽകാത്തതിന്റെ പേരിൽ സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ കേസിൽ പോലീസ് കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് കട്ടപ്പനയിലെ ബാങ്കിനു മുന്നിൽ നിക്ഷേപകൻ സാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി സാബുവിന്റെ മൊബൈൽ ഫോൺ വിദഗ്ധ പരിശോധനക്ക് അയക്കാനായി കസ്റ്റഡിയിൽ വാങ്ങാനും പോലീസ് നീക്കം ആരംഭിച്ചു. ബാങ്ക് ജീവനക്കാർ, സിപിഎം മുൻ ഏരിയാ സെക്രട്ടറി വി.ആർ. സജി എന്നിവരിൽ നിന്നും നേരിട്ട ദുരനുഭവം സാബുവിന്റെ ഭാര്യ പോലീസിനോട് പറഞ്ഞിരുന്നു.
സാബുവിന്റെ ബന്ധുക്കളുടെയും ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.ആർ. സജിയുടെയും മൊഴിയും ഇന്ന് രേഖപ്പെടുത്തും. തെളിവുകൾ കിട്ടുന്ന മുറക്ക് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.