മടത്തറയിൽ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചാശ്രമം
Saturday, December 21, 2024 1:46 PM IST
അഞ്ചല്‍ : മടത്തറയില്‍ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ചു കവര്‍ച്ചാശ്രമം. മടത്തറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രിയോടെ കൗണ്ടറില്‍ പണം നിറയ്ക്കാന്‍ എത്തിയ ഏജന്‍സി ജീവനക്കാരാണ് കൗണ്ടര്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വിവരം ബാങ്ക് അധികൃതരെയും ചിതറ പോലീസിനെയും അറിയിക്കുകയായിരുന്നു.
ചിതറ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം കൗണ്ടര്‍ ഷട്ടര്‍ പൂട്ടി ക്ലോസ് ചെയ്തു.
എടിഎം കൗണ്ടറില്‍ പണം നിറയ്ക്കുന്ന സ്ഥലം കുത്തിപ്പൊളിക്കുകയും കൗണ്ടറിനുള്ളില്‍ സിസിടിവി കാമറകള്‍ മറക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ പണമൊന്നു നഷ്ട്ടമായതായി അറിവില്ല.
ഇന്നു നടക്കുന്ന പരിശോധനയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് ചിതറ പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലാകാം കവര്‍ച്ച ശ്രമം നടന്നതെന്നാണ് പോലീസ് അനുമാനം.