ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്: റോബിൻ ഉത്തപ്പയ്ക്ക് അറസ്റ്റ് വാറണ്ട്
Saturday, December 21, 2024 12:51 PM IST
ബംഗളൂരു: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പിഎഫ് റീജണൽ കമ്മീഷണർ എസ്. ഗോപാൽ റെഡിയുടേതാണ് ഉത്തരവ്. ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാനും അദ്ദേഹം പുലകേശിനഗർ പോലീസിന് നിർദ്ദേശം നൽകി.
സെഞ്ചുറീസ് ലൈഫ്സ്റ്റൈൽ ബ്രാൻഡ് പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമയാണ് റോബിൻ ഉത്തപ്പ. കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിഎഫ് പെൻഷൻ പദ്ധതിയുടെ ഭാഗമായി വിഹിതം ഈടാക്കുന്നുണ്ടെങ്കിലും, അത് പിഎഫ് പദ്ധതിയിൽ നിക്ഷേപിക്കാതെ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം.
23 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഉത്തപ്പയ്ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ നാലിന് പുറത്തിറക്കിയ നോട്ടീസിലാണ് പിഎഫ് റീജണൽ കമ്മീഷണർ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.