ആഘോഷത്തിനിടെ വാഹനത്തില്‍ വിദ്യാര്‍ഥികളുടെ അഭ്യാസം; നടപടിയുമായി എംവിഡി
Saturday, December 21, 2024 12:39 PM IST
കൊച്ചി: കോളജിലെ ക്രിസ്മസ് ആഘോഷങ്ങളില്ക്കിടെ സുരക്ഷാനിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിദ്യാര്‍ഥികള്‍. ഡ്രൈവിംഗിനിടെ വാഹനങ്ങള്‍ക്ക് മുകളില്‍ കയറിയും, സ്റ്റെപ്പിനിക്ക് മുകളില്‍ ഇരുന്നും കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളിലടക്കം പുറത്തുവന്നതോടെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പും രംഗത്തെത്തി.
പെരുമ്പാവൂര്‍ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളജിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ വ്യാഴാഴ്ചയായിരുന്നു സംഭവം. കോളജ് കോമ്പൗണ്ടിന് പുറത്ത് പൊതുറോഡില്‍ വച്ചായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനങ്ങള്‍. നിരവധി വാഹനങ്ങളിലാണ് വിദ്യാര്‍ഥികള്‍ കോളജിലേക്ക് വന്നത്.
സീറ്റ്ബെല്‍റ്റ് പോലുള്ള പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്പോലും വിദ്യാര്‍ഥികള്‍ ധരിച്ചിരുന്നില്ല. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലേക്ക് കടന്നത്. ഏതാനും ചിലരുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് പിഴ അടക്കം ഈടാക്കും. വാഹന ഉടമകള്‍ക്ക് എംവിഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.