കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം
Saturday, December 21, 2024 11:40 AM IST
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
ആയുധം കൈവശം വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങൾക്ക് എട്ട് വർഷം തടവും വിധിച്ചു. ഇതിന് ശേഷമാകും കൊലപാതക കുറ്റത്തിന്റെ ശിക്ഷയായ ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടി വരിക. പ്രതി 20 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
പ്രതിയുടെ സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യൂസ് സ്കറിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ജോര്‍ജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2022 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം.
കുടുംബവീടിനോട് ചേര്‍ന്ന് പിതാവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ 48 സെന്റ് സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാത്യൂസിന്റെ മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിക്കാനാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തിയത്.
ഇതിനിടെ രഞ്ജുവും ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ജോര്‍ജ് തന്റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എടുത്ത് വെടിവയ്ക്കുകയുമായിരുന്നു. രഞ്ജു കുര്യൻ സംഭവസ്ഥലത്തു വച്ചും മാത്യൂസ് സ്കറിയ രണ്ടാം ദിനം ആശുപത്രിയിൽ വച്ചുമായിരുന്നു മരിച്ചത്.