എം.എം.ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന്; പെണ്മക്കളുടെ ഹര്‍ജി തള്ളി
Wednesday, December 18, 2024 10:49 AM IST
കൊച്ചി: എം.എം.ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്കണമെന്നാവശ്യപ്പെട്ടുള്ള പെണ്മക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ഏറ്റെടുത്ത നടപടി കോടതി ശരിവച്ചു.
ചീഫ് ജസ്റ്റീസ് നിതിൻ ജംദാർ, ജസ്റ്റീസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മക്കളായ ആശാ ലോറന്‍സും സുജാത ബോബനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജിന് വൈദ്യപഠനത്തിനായി നല്‍കാമെന്ന് കോടതി നിര്‍ദേശിച്ചു.
നേരത്തേ ആശ ലോറന്‍സ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജിന് തീരുമാനമെടുക്കാനുള്ള നിര്‍ദേശം നല്‍കിക്കൊണ്ട് കോടതി ഹര്‍ജി തീര്‍പ്പാക്കിയിരുന്നു. എന്നാൽ മൃതദേഹം ഏറ്റെടുത്തതിന് പിന്നാലെ പെണ്മക്കള് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.