കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം
Tuesday, December 17, 2024 12:18 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം. സെനറ്റ് ഹാളിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ എത്തിയതോടെയാണ് എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സർവകലാശാലകളെ ഗവർണർ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വിസിമാരെ ഗവർണർ അനധികൃതമായി നിയമിക്കുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു.
പ്രകടനമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ പോലീസ് സുരക്ഷ ഭേദിച്ച് സെനറ്റ് ഹാളിനു പുറത്തേയ്ക്ക് ഓടിക്കയറുകയായിരുന്നു. തുടർന്നു ഹാളിന്റെ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ.