ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം: പരാതി നല്കാന് കുടുംബം
Tuesday, December 17, 2024 12:02 PM IST
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ പരാതി നൽകുമെന്ന് കുടുംബം. എടവക പഞ്ചായത്തിലെ പള്ളിക്കല്‍ വീട്ടിച്ചാല്‍ നാല് സെന്റ് ഉന്നതിയിലെ ചുണ്ടമ്മ(80)യുടെ മൃതദേഹമാണ് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ആംബുലന്‍സ് എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. ഏറെനേരം കാത്തുനിന്നതിന് ശേഷമാണ് ഓട്ടോ വിളിക്കേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു.
മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിലാണ് ദുരവസ്ഥ. മാനന്തവാടിയിൽ ട്രൈബൽ വകുപ്പിന് രണ്ട് ആംബുലൻസുകൾ മാത്രമാണുള്ളത്. രണ്ട് ആംബുലൻസുകളും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്നതിനാൽ ആദിവാസി വിഭാഗക്കാർക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മുൻപും ആളുകൾ മരിക്കുമ്പോൾ ആംബുലൻസുകൾ ലഭ്യമായിട്ടില്ലെന്നും ഇപ്പോൾ പരാതി ഉയരുന്നുണ്ട്.
സ്വകാര്യ ആംബുലൻസുകൾ വിളിച്ചാൽ ട്രൈബൽ വകുപ്പ് പണം നൽകാറില്ലെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ വരാറില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.