ബംഗ്ലാദേശിന് ഐക്യദാർഢ്യം; പാർലമെന്റിൽ "ബാഗുമായി' പ്രതിപക്ഷം
Tuesday, December 17, 2024 11:53 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിൽ അതിക്രമം നേരിടുന്ന ന്യൂനപക്ഷ ജനവിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷം. പാർലമെന്റ് വളപ്പിൽ കൂടിയ പ്രതിപക്ഷ എംപിമാർ ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളും ബാഗുകളുമായാണ് എത്തിയത്.
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം എന്നെഴുതിയ ബാഗ് ധരിച്ചാണ് പ്രിയങ്കയും മറ്റ് എംപിമാരും ഇന്ന് പാർലമെന്റിൽ എത്തിയത്.
തിങ്കളാഴ്ച പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം.
എന്നാൽ താൻ എന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.