ചോദ്യപേപ്പർ ചോർച്ച: ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം ഇന്നുമുതൽ
Tuesday, December 17, 2024 11:50 AM IST
തിരുവനന്തപുരം: പത്താം ക്ലാസിലെ പരീക്ഷ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. കോഴിക്കോട് യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.
വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണ നിഴലിൽ നിൽക്കുന്ന സ്ഥാപനത്തിലെ സിഇഒ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തും.
ഈ സ്ഥാപനത്തിന്റെ യുട്യൂബ് ചാനലിലുടെ ഉൾപ്പെടെയാണ് ചോദ്യ പേപ്പർ ചോർന്നതെന്നായിരുന്നു പരാതി. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ചോദ്യ പേപ്പർ ചോർന്ന സംഭവത്തിലും വീഡിയോകളിൽ അശ്ലീല പരാമർശങ്ങൾ ഉണ്ടെന്നും കാട്ടി കെഎസ്യുവും എഐഎസ്എഫും പോലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചോദ്യ പേപ്പർ ചോർച്ച ഇനി ഉണ്ടാകാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.