ബേതെലിന്റെയും റൂട്ടിന്റെയും പോരാട്ടം വിഫലം; ഇംഗ്ലണ്ടിനെ 423 റൺസിന് തകർത്ത് കിവീസ്
Tuesday, December 17, 2024 10:06 AM IST
ഹാമിൽട്ടൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിന് 423 റൺസിന്റെ കൂറ്റൻ ജയം. ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ കിവീസ് ഉയർത്തിയ 658 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർ 47.2 ഓവറിൽ 234 റൺസിന് പുറത്തായി. സ്കോർ- ന്യൂസിലൻഡ്: 347 & 453, ഇംഗ്ലണ്ട്: 143 & 234.
അർധസെഞ്ചുറി നേടിയ ജേക്കബ് ബേതെൽ, ജോ റൂട്ട് എന്നിവരാണ് ഇംഗ്ലണ്ടിന്റെ മാനം കാത്തത്. 96 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 76 റൺസെടുത്ത ബേതെലാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. റൂട്ട് 64 പന്തിൽ 10 ഫോറുകളോടെ 54 റൺസെടുത്തു. 41 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 43 റൺസെടുത്ത ഗസ് അറ്റ്കിൻസനും മികച്ച പ്രകടനം കാഴ്ചവച്ചു. ഇവരെ കൂടാതെ 17 റൺസെടുത്ത ഒല്ലി പോപ്പ്, 11 റൺസെടുത്ത ബ്രൈഡൺ കഴ്സ് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
കിവീസിനു വേണ്ടി മിച്ചൽ സാന്റ്നർ 14.2 ഓവറിൽ 85 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻറിയും വിരമിക്കൽ ടെസ്റ്റ് കളിച്ച ടിം സൗത്തിയും രണ്ടു വിക്കറ്റ് വീതവും വില്യം ഒറൂർക്കെ ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിംഗ്സിൽ 76 റൺസും രണ്ടാം ഇന്നിംഗ്സിൽ 49 റൺസും മത്സരത്തിലാകെ ഏഴുവിക്കറ്റും നേടിയ മിച്ചൽ സാന്റ്നറാണ് കളിയിലെ കേമൻ. അതേസമയം, ഹാരി ബ്രൂക്ക് പരമ്പരയുടെ താരമായി. ആദ്യ രണ്ടു ടെസ്റ്റുകൾ വിജയിച്ച ഇംഗ്ലണ്ട് നേരത്തെതന്നെ ക്രോ- തോർപ്പ് ട്രോഫി സ്വന്തമാക്കിയിരുന്നു.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ കെയ്ൻ വില്യംസണിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് ആതിഥേയർ മികച്ച സ്കോറിലെത്തിയത്. 204 പന്തിൽ 20 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 156 റൺസെടുത്ത വില്യംസണാണ് കിവീസ് നിരയിലെ ടോപ് സ്കോറർ. വിൽ യംഗ് (60), ഡാരിൽ മിച്ചൽ (60), രചിൻ രവീന്ദ്ര (44), മിച്ചൽ സാന്റ്നർ (49), ടോം ബ്ലണ്ടൽ (പുറത്താകാതെ 44) എന്നിവരും മികച്ച സംഭാവനകൾ നല്കി.
ഇംഗ്ലണ്ടിനു വേണ്ടി ജേക്കബ് ബേതെൽ മൂന്നുവിക്കറ്റും ബെൻ സ്റ്റോക്സ്, ഷോയിബ് ബഷീർ എന്നിവർ രണ്ടുവിക്കറ്റ് വീതവും മാത്യു പോട്ട്സ്, ഗസ് അറ്റ്കിൻസൺ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.