സെഞ്ചുറിക്കരികെ പൊരുതിവീണ് രാഹുല്‍; ഗാബയിൽ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് നഷ്ടം, ഫോളോ ഓണ്‍ ഭീഷണി
Tuesday, December 17, 2024 9:36 AM IST
ബ്രിസ്ബേന്‍: ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. നാലാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
നായകൻ രോഹിത് ശർമയുടെയും (10) കെ.എല്‍. രാഹുലിന്റെയും (84) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നാലാംദിനം തുടക്കത്തിൽ നഷ്ടമായത്. 41 റണ്‍സോടെ രവീന്ദ്ര ജഡേജയും ഏഴ് റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ ഇന്ത്യക്കിനിയും 79 റണ്‍സ് കൂടി വേണം. അതേസമയം, ഉച്ചഭക്ഷണത്തിനു ശേഷം മഴയെത്തിയതോടെ കളി വീണ്ടും വൈകുകയാണ്.
നാലാംദിനം നാലിന് 52 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന സന്ദർശകർക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടു ബൗണ്ടറികളുമായി രോഹിത് പ്രതീക്ഷ നല്‍കിയെങ്കിലും കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്സ് കാരിക്ക് പിടികൊടുത്തു മടങ്ങി. ഇതോടെ അഞ്ചിന് 74 റൺസെന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.
എന്നാല്‍ പിന്നീടെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ100 കടത്തി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 67 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ, സ്കോർ 141 റൺസിൽ നില്‍ക്കെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രാഹുൽ പുറത്താക്കി. നഥാൻ ലയണിന്റെ പന്തിൽ ബാറ്റ് വച്ച രാഹുലിനെ സ്ലിപ്പിൽ മനോഹരമായ ക്യാച്ചിലൂടെ സ്റ്റീവ് സ്മിത്ത് പിടികൂടുകയായിരുന്നു.
139 പന്തിൽ എട്ടു ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. തുടർന്ന് ക്രീസിൽ ഒന്നിച്ച ജഡേജയും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് വിക്കറ്റ് നഷ്ടപ്പെടാതെ സ്കോർ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമം നടത്തുകയാണ്.
ഓസീസീനുവേണ്ടി പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോഷ് ഹേസില്‍വുഡും നഥാൻ ലയണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.