ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും
Tuesday, December 17, 2024 8:41 AM IST
ന്യൂഡൽഹി: "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ഡൽഹി, ജമ്മു കാഷ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ആവശ്യമായ രണ്ടു ബില്ലുകളാണ് ലോക്സഭയിൽ കൊണ്ടുവരുന്നത്.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇരുസഭകളിലും എൻഡിഎയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാഭേദഗതികൾ അവതരിപ്പിക്കില്ല. ബില്ലിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകിയിരുന്നു.
കരട് ബില്ലുകൾ അനുസരിച്ച്, ഒരു പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള ലോക്സഭയുടെ ആദ്യ സിറ്റിംഗിൽ രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്ന നിശ്ചിത തീയതിയിൽ "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’പ്രാബല്യത്തിൽ വരും.
ഈ തീയതിക്കുശേഷം തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി ലോക്സഭയുടെ മുഴുവൻ കാലാവധിക്കൊപ്പം അവസാനിക്കുകയും അതുവഴി ഒരേസമയം തെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയും ചെയ്യും.
നിലവിലുള്ള തെരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തിക്കൊണ്ടുള്ള സമഗ്രമായ ഒറ്റ നിയമം ശിപാര്‍ശ ചെയ്യുന്ന ബില്ലാകും അവതരിപ്പിക്കുക. 2029 ഓടെ രാജ്യത്ത് നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയാക്കാനാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു. അടിക്കടി തെരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടമെന്ന നിലയിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തും. തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തെരഞ്ഞെടുപ്പ് നടത്തും. ഈകാര്യങ്ങൾ നിർദേശിച്ച് സമിതി കഴിഞ്ഞ മാർച്ചിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു.