ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി
Monday, December 16, 2024 5:27 PM IST
ന്യൂഡൽഹി: മാനന്തവാടിയിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ വയനാട് കളക്ടറോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി. സംഭവത്തിൽ കർശന നടപടി വേണം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
സംഭവത്തിൽ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അതിക്രമത്തിലെ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് കേസിലെ പ്രതികൾ.
കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിൽ വധശ്രമത്തിനാണു മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്. മാനന്തവാടി പുൽപള്ളി റോഡിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.
കെഎൽ 52 എച്ച് 8733 എന്ന സെലേരിയോ കാറാണ് പോലീസ് പിടിച്ചെടുത്തത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍സി ഉടമ. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പോലീസ് അറിയിച്ചു.
കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്കുതർക്കമാണ് സംഭവത്തിനു കാരണമെന്നാണ് റിപ്പോർട്ട്. കാറിനുള്ളിലൂടെ കൈ ചേര്‍ത്ത് പിടിച്ച് മാതനെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.