ധൻകറിനെതിരായ അവിശ്വാസ പ്രമേയത്തെച്ചൊല്ലി രൂക്ഷമായ വാക്ക് പോര്; രാജ്യസഭ ഇന്നും സ്തംഭിച്ചു
Friday, December 13, 2024 3:42 PM IST
ന്യൂഡൽഹി: രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകറിനെതിരായ അവിശ്വാസ പ്രമേയ നീക്കത്തിനെതിരായ ഭരണ-പ്രതിപക്ഷ ബഹളത്തിൽ രാജ്യസഭ ഇന്നും സ്തംഭിച്ചു.
ജഗദീപ് ധൻകർ പിന്നാക്ക വിഭാഗക്കാരനായതിനാൽ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ഭരണപക്ഷ എംപിമാർ ആരോപിച്ചു. കർഷക പുത്രനാണ് താനെന്ന് വികാരാധീനനായ ജഗദീപ് ധനകറും സഭയിൽ പറഞ്ഞു. ഇതോടെ താൻ തൊഴിലാളിയുടെ പുത്രനാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയും തിരിച്ചടിച്ചു.
സഭയിൽ ബഹളം കൂടിയതോടെ ഇരിപ്പടത്തിൽ നിന്നെഴുന്നേറ്റ് ചെയർമാൻ പ്രതിപക്ഷത്തെ നേരിട്ടു. ജഗദീപ് ധൻകർ ഒബിസിക്കാരനായതിനാൽ കരുതിക്കൂട്ടി അപമാനിക്കാനാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് ഭരണപക്ഷം ആരോപിച്ചു.
കർഷക കുടുംബത്തിൽ പിറന്ന രാജ്യസഭ ചെയർമാനെ കർഷക വിരോധികളായ പ്രതിപക്ഷം അപമാനിക്കുകയാണ്. ചട്ടങ്ങൾ പോലും നോക്കാതെയാണ് പ്രമേയ നീക്കമെന്നും ഭരണപക്ഷ എംപിമാർ കുറ്റപ്പെടുത്തി.
പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനാണ് അധ്യക്ഷൻ നിരന്തരം ശ്രമിക്കുന്നത്. ജാതി കാർഡിറിക്കിയ ഭരണപക്ഷത്തെ നേരിട്ട ഖർഗെ ദളിതനാണ് താനെന്നും , തൊഴിലാളി ജീവിതം എന്തെന്ന് പഠിച്ചവനാണെന്നും തിരിച്ചടിച്ചു. ബഹളം കനത്തോടെ സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.