ഡോക്ടറെയും സഹോദരനെയും സുഹൃത്തിനെയും മർദിച്ചു; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
Tuesday, December 3, 2024 4:10 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ഡോക്ടറെയും സഹോദരനെയും സുഹൃത്തിനെയും മർദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. നവി മുംബൈ ടൗൺഷിപ്പ് റോഡിലുണ്ടായ സംഭവത്തിലാണ് നടപടി.
10 മുതൽ 15 വരെ ഉദ്യോഗസ്ഥർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നവംബർ 29ന് രാത്രി 10.15ന് മുംബൈ വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഖാർഘർ ഏരിയയിലെ താമസസ്ഥലത്തേക്ക് ബസിൽ കൊണ്ടുപോകുമ്പോഴാണ് സംഭവം.
ഉത്സവ് ചൗക്കിനും സെൻട്രൽ പാർക്കിനും ഇടയിൽ വച്ച് ബസ് അപകടകരമായ രീതിയിൽ ഒരു കാറിന് നേരെ വന്നു. ഡോക്ടറും പ്രാദേശിക രാഷ്ട്രീയ നേതാവുമായ കാർ ഡ്രൈവർ ബസിനെ പിന്തുടരുകയും ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു.
ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗിനെ ചോദ്യം ചെയ്ത ഡോക്ടർ ഇവരുമായി വാക്കുതർക്കമുണ്ടായി. ഈ സമയം ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബസിൽ നിന്ന് ഇറങ്ങി വന്ന് ഡോക്ടറെ മർദിച്ചു. ചില സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഡോക്ടറുടെ സഹോദരനെയും സുഹൃത്തിനെയും ആക്രമിക്കുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു.
തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ ഡോക്ടർ ഖാർഘർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമണത്തിൽ പങ്കെടുത്ത സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ ചിലർ മദ്യപിച്ചിരുന്നതായും സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടതായും പരാതിക്കാരൻ ആരോപിച്ചു.
10 മുതൽ 15 വരെ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കലാപത്തിനും ആക്രമണത്തിനും കേസെടുത്തിട്ടുണ്ടെന്നും അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സിഐഎസ്എഫ് അറിയിച്ചു. സിഐഎസ്എഫ്, തങ്ങളുടെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
കാർ ഡ്രൈവർക്കും സഹോദരനുമെതിരെ സിഐഎസ്എഫ് ഉദ്യോഗസ്ഥരും പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.