ആശ്രിത നിയമനം; സര്‍ക്കാരിന്റെ കനിവു കാത്തിരിക്കുന്നത് ആയിരത്തിലധികം പേര്
സീമ മോഹന്‍ലാല്‍
Monday, December 2, 2024 8:45 PM IST
കൊച്ചി: സംസ്ഥാനത്ത് ആശ്രിത നിയമനത്തിനായി സര്‍ക്കാരിന്റെ കനിവു കാത്തിരിക്കുന്നത് ആയിരലത്തിലധികം അപേക്ഷകര്‍. വിവിധ വകുപ്പുകളില്‍ സര്‍വീസില്‍ ഇരിക്കവേ മരിച്ച ജീവനക്കാരുടെ ആശ്രിതരാണ് ഇത്തരത്തില്‍ അപേക്ഷ നല്കി നിയമനം പ്രതീക്ഷിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്നത്.
നിലവിലെ ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മേയ് പത്തിന് ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്തെ വിവിധ സര്‍വീസ് സംഘടനകളുമായി സര്‍ക്കാര്‍തലത്തിലുള്ള ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ തീരുമാനങ്ങളും ഉണ്ടായിട്ടില്ലെന്ന് അപേക്ഷകര്‍ പറയുന്നു.
പൊതുഭരണ വകുപ്പിലെ ആശ്രിത നിയമന വിഭാഗം സെക്ഷനില്‍ അപേക്ഷ നല്കി 10 വര്‍ഷത്തിലേറെയായി നിയമനം പ്രതീക്ഷിച്ച കാത്തിരിക്കുന്ന നിരവധിപ്പേരും ഇക്കൂട്ടത്തിലുണ്ട്. എല്‍ഡി ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്റ് തസ്തികളിലേക്കാണ് കൂടുതല്‍ അപേക്ഷകര്‍ ഉള്ളത്. ഓരോ വകുപ്പുകളിലും പ്രസ്തുത തസ്തികകളില്‍ ഉണ്ടാകുന്ന മാനദണ്ഡപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട ഒഴിവുകള്‍ പൊതുഭരണ വകുപ്പിലെ ആശ്രിത നിയമന വിഭാഗത്തില്‍ നിലവിലെ ചട്ടപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണ്.
എന്നാല്‍ ഈ മാനദണ്ഡപ്രകാരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഓരോ വകുപ്പും സ്വന്തം നിലയ്ക്ക് അതാത് വകുപ്പുകളിലെ ഇത്തരത്തിലുള്ള അപേക്ഷകളില്‍ മാനദണ്ഡം ലംഘിച്ച് നിയമനം നടത്തിവരുകയാണെന്ന് അപേക്ഷകര്‍ പറയുന്നു. വര്‍ഷങ്ങളായി ഇത് സംബന്ധിച്ച യാതൊരുവിധ സര്‍ക്കാര്‍ തല പരിശോധനയും ഒരു വകുപ്പിലും നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഓരോ വകുപ്പുകളിലും ആശ്രിത നിയമനമാനദണ്ഡപ്രകാരം പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ തല തീരുമാനം അടിയന്തരമായി ഉണ്ടാകണമെന്നാണ് അപേക്ഷകരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. പൊതുഭരണ വകുപ്പിലെ ആശ്രിത നിയമനം വിഭാഗത്തില്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ പലരും 45 വയസ് പിന്നിട്ടവരാണ്.
അപേക്ഷകരുടെ പ്രായമായ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബവും ജോലി ലഭിക്കാത്തതുമൂലം പ്രതിസന്ധി നേരിടുന്നുണ്ട്. ഇനി നിയമനം ലഭിച്ചാല്‍ പോലും പത്തുവര്‍ഷത്തോളം സര്‍വീസ് മാത്രമേ പല അപേക്ഷകര്‍ക്കും ലഭിക്കൂവെന്ന അവസ്ഥയുമുണ്ട്.