പുകഞ്ഞ കൊള്ളി...! മധു മുല്ലശേരിയെ സിപിഎം പുറത്താക്കും
Monday, December 2, 2024 4:17 PM IST
തിരുവനന്തപുരം: ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരേ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശിപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും.
മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശേരി ഇറങ്ങിപ്പോയിരുന്നു. എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പ്രതികരിച്ചു.
താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും വി. ജോയ് ജില്ലാ സെക്രട്ടറി ആയതുമുതൽ തന്നോട് അവഗണന കാണിച്ചുവെന്നും മധു ആരോപിക്കുന്നു.
അതേസമയം വി. ജോയിയുടേത് വിഭാഗീയ പ്രവർത്തനമാണെന്നും ജില്ലയിലെ പല ഏരിയ സെക്രട്ടറിമാർക്കും ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും ഈ അഭിപ്രായമുണ്ടെന്നും അവരെല്ലാം ഇത് പറയാൻ മടിക്കുകയാണെന്നും മധു ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.