സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി അന്വേഷിക്കും
Friday, November 29, 2024 9:14 PM IST
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. 2022 ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
കുറച്ചു നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഭരണഘടനയുടെ ഉദ്ദേശ്യം എന്നായിരുന്നു സജി ചെറിയാന്റെ പ്രസംഗം. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.
എസ്പിക്ക് കീഴുള്ള സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഉത്തരവിൽ പറയുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിതമായി കേസന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.
അന്വേഷണ സംഘത്തെ രൂപീകരിക്കാനായി ഇന്നലെയാണ് ഡിജിപി നിർദ്ദേശം നൽകിയത്. കേസിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു.