രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം; അലഹബാദ് ഹൈക്കോടതി വിവരങ്ങൾ തേടി
Tuesday, November 26, 2024 5:32 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തിൽ വ്യക്തത തേടി അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന ഹർജിയിൽ ആഭ്യന്തര മന്ത്രാലയത്തോടാണ് കോടതി വിവരങ്ങൾ തേടിയത്.
മൂന്ന് ആഴ്ചക്കുള്ളിൽ വിവരങ്ങൾ നൽകണമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ പൗരത്വത്തിന് പുറമെ രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വവും ഉണ്ട്. അതേക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിലെ ബിജെപി നേതാവായ എസ്.വിഘ്നേശ് ശിശിറാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരൻ നൽകിയ നിവേദനം പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ ഡെപ്യുട്ടി സോളിസിറ്റർ ജനറൽ വ്യക്തമാക്കി. 2015 ൽ ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമിയാണ് പർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ആദ്യമായി പരാതി നൽകിയത്.
അന്ന് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മറുപടിയിൽ രാഹുൽ ഗാന്ധി ഈ ആരോപണം തെറ്റാണെന്നും പരാതിക്കാരൻ തന്റെ പേര് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മറുപടി നൽകിയിരുന്നു.