മണിപ്പുർ സംഘർഷം; മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി
Saturday, November 16, 2024 5:43 AM IST
ഇംഫാൽ: മണിപ്പുർ സംഘർഷത്തിനിടെ തട്ടിക്കൊണ്ടുപോകപ്പെട്ടുവെന്ന് കരുതപ്പെടുന്ന മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ആസാം അതിർത്തിയോടു ചേർന്നുള്ള പ്രദേശത്തു നിന്ന് ഒരു കൈക്കുഞ്ഞ് ഉൾപ്പടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ കുടുംബം താമസിച്ചിരുന്ന പ്രദേശത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
ഈ മാസം 11ന് നടന്ന അക്രമസംഭവങ്ങള്‍ക്കിടെയാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്. ഒരു കൈക്കുഞ്ഞ് ഉൾപ്പടെയുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടന്നിരുന്നു. തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ ചിന് കുക്കി നാര്‍ക്കോ തീവ്രവാദികളാണെന്ന് മെയ്തേയ് വിഭാഗം ആരോപിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയവരിൽ ആരുടെയെങ്കിലും മൃതദേഹമാണോയെന്ന് വ്യക്തമല്ലെന്നും ഡിഎൻഎ പരിശോധനയടക്കം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
മണിപ്പുരിലെ പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ജിരിബാം ഉൾപ്പെടെയുള്ള ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽക്കൂടി സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്സ്പ) പ്രഖ്യാപിച്ചിരുന്നു.