ജൊഹാനസ്ബർഗിൽ സംഹാര താണ്ഡവം; ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കി
Saturday, November 16, 2024 1:01 AM IST
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം. ഒപ്പം പരമ്പരയും. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ 135 റണ്‍സിന് ഇന്ത്യ ജയിച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 283 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാസണും തിലക് വർമയും സെഞ്ചുറി നേടി. ഇരുവരുടേയും പരന്പരയിലെ രണ്ടാം സെഞ്ചുറിയാണ്. 109 റൺസാണ് സഞ്ജു നേടിയത്. 56 പന്തിലാണ് സഞ്ജു 109 റൺസ് നേടിയത്.
ഒൻപത് സിക്സും നാല് ഫോറുകളുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. പരന്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു.
47 പന്തിൽ 120 റൺസാണ് തിലക് വർമ സ്കോർ ചെയ്തത്. പത്ത് സിക്സും ഒൻപത് ഫോറും പറത്തിയാണ് തിലക് 120 റൺസ് നേടിയത്. കഴിഞ്ഞ മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു.
ഇരുവരും ചേർന്ന് 210 റൺസിന്റെ സഖ്യമാണ് പടുത്തുയർത്തിയത്. 36 റൺസെടുത്ത അഭിഷേക് ശർമയാണ് പുറത്തായത്. സിപാംളയാണ് അഭിഷേകിനെ പുറത്താക്കിയത്.
കൂട്ട തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. ഹെൻഡ്രിക്സ് (രണ്ടു പന്തിൽ 0), റിക്കിൾടൻ (ആറു പന്തിൽ ഒന്ന്) ക്യാപ്റ്റൻ എയ്ഡൻ മർക്രം (എട്ടു പന്തിൽ എട്ട്) എന്നിവർ ആദ്യ മൂന്ന് ഓവറിൽ തന്നെ പുറത്തായി.
ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും പൊരുതി നിന്നതോടെ ദക്ഷിണാഫ്രിക്ക വലിയ നാണക്കേടിൽ നിന്നും കരകയറി. എന്നാൽ, കൂട്ടുക്കെട്ടിൽ അർധസെഞ്ചുറി നേടിയെങ്കിലും തൊട്ടടുത്ത പന്തുകളിൽ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പരുങ്ങലിലായി. ജയിക്കാന്‍ 284 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ എല്ലാവരും പുറത്തായി.