കേരളത്തിന്റെ പത്തുവിക്കറ്റുകളും വീഴ്ത്തി: ചരിത്ര നേട്ടം സ്വന്തമാക്കി അന്‍ഷുല്‍ കാംബോജ്
Friday, November 15, 2024 8:59 PM IST
ലാഹ്ലി: രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന്റെ ഒരു ഇന്നിംഗ്സിലെ എല്ലാ വിക്കറ്റുകളും വീഴ്ത്തിയതോടെ റിക്കാർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹരിയാന താരം അന്‍ഷുല്‍ കാംബോജ്. രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളര്‍ എന്ന നേട്ടമാണ് അന്‍ഷുല്‍ കാംബോജ് സ്വന്തമാക്കിയത്.
ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കേരളത്തിനെതിരായ ഗ്രൂപ്പ് സി മത്സരത്തിലാണ് കാംബോജ് ഈ നേട്ടം കൈവരിച്ചത്. 30.1 ഓവറില്‍ 49 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കേരളത്തിന്റെ ആദ്യ ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കിയത്.
1956ല്‍ അസമിനെതിരായ മത്സരത്തില്‍ ബംഗാളിന്റെ പ്രേമാങ്ഷു ചാറ്റര്‍ജി (10/20), 1985ല്‍ വിദര്‍ഭയ്ക്കെതിരായ മത്സരത്തില്‍ രാജസ്ഥാന് വേണ്ടി പ്രദീപ് സുന്ദരം (10/78) എന്നിവരാണ് ഇതിന് മുന്‍പ് രഞ്ജിയില്‍ ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റ് വീഴ്ത്തിയ മറ്റ് രണ്ട് ബൗളര്‍മാര്‍.
മൊത്തത്തില്‍, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് കാംബോജ്. ഇതിഹാസതാരം അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്തെ, ദേബാശിഷ് മൊഹന്തി എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.