എല്ലാത്തിനും വ്യക്തമായ ഉന്നങ്ങളുണ്ട്; പ്രകാശനത്തിന് എഴുത്തുകാരൻ വേണ്ടേ, ഇ.പിയെ ചേർത്തുനിർത്തി മുഖ്യമന്ത്രി
Friday, November 15, 2024 7:35 PM IST
ആലപ്പുഴ: ഇ.പി. ജയരാജനെ ആത്മകഥാ വിവാദത്തിൽ ചേർത്തുനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിനെ സഹായിക്കാനായി മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയത് എന്ന് അദ്ദേഹം വിമർശിച്ചു.
സരിനെക്കുറിച്ച് യാതൊന്നും പുസ്തകത്തിൽ പരാമർശിച്ചിട്ടില്ല. സരിനെന്ന് പറഞ്ഞയാളെ ഇ.പി. ക്ക് അറിയാമോയെന്ന് ഞങ്ങൾ ചോദിച്ചു. സരിൻ പുതുതായി വന്നയാളാണ്, മിടുക്കനാണ്. നേരത്തെ സരിൻ മറ്റൊരു ചേരിയിലായിരുന്നല്ലോ. സരിനെ തനിക്കറിയില്ലെന്നും അറിയാത്ത ആളെക്കുറിച്ച് താൻ എഴുതേണ്ട ആവശ്യമില്ല എന്നുമാണ് ജയരാജൻ പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരാള് പുസ്തകം എഴുതിയാൽ പ്രകാശനത്തിന് അയാള് വേണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. താനൊരു ആത്മകഥ എഴുതുന്നുണ്ട് എന്നത് ശരിയാണെന്നും എന്നാൽ ആർക്കും പ്രസിദ്ധീകരിക്കാൻ കൊടുത്തിട്ടില്ലെന്നുമാണ് ഇ.പി. വ്യക്തമാക്കിയത്. ആരെയും പ്രസിദ്ധീകരിക്കാൻ അദ്ദേഹം ഏൽപ്പിച്ചിട്ടുമില്ല.
എഴുതുന്നതറിഞ്ഞ് ചില പ്രസിദ്ധീകരണശാലകൾ ബന്ധപ്പെട്ടിരുന്നു. എഴുതി തീരട്ടെ നമുക്ക് ആലോചിക്കാമെന്നാണ് ഇ.പി. മറുപടി നൽകിയത്. എഴുതിയ ആളില്ലാതെ ഒരു പ്രകാശനം സാധാരണ നടക്കുമോ. എഴുതിയ ആൾക്ക് മറ്റെന്തെങ്കിലും സംഭവിച്ചാൽ നടക്കുമായിരിക്കും. പുസ്തകം വായനക്കുള്ളതാണ്. വായനക്കുള്ള പുസ്തകം നേരെ വാട്സാപ്പ് സന്ദേശമായി ആരെങ്കിലും കൊടുക്കുമോയെന്നും പിണറായി വിജയൻ ചോദിച്ചു.
വിവാദമായ വിഷയങ്ങൾ താൻ ആ പുസ്തകത്തിൽ എഴുതിയിട്ടുമില്ല. എഴുതാൻ ഉദ്ദേശിക്കുന്നുമില്ലെന്നാണ് ജയരാജൻ പറഞ്ഞത്. പ്രസിദ്ധീകരണശാല ആ പുസ്തകത്തിന്റെ സാധാരണ രീതിയിലുള്ള പ്രസാധനമല്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ഏതെല്ലാം തരത്തിലാണ് വിവാദങ്ങൾ ഉണ്ടാക്കാൻ നോക്കുന്നത്. കൂട്ടത്തിൽ ജയരാജൻ, ജാവദേക്കറുടെ കാര്യവും പറഞ്ഞു. ഒന്നര വർഷം മുൻപാണ് ജാവദേക്കറെ കണ്ടത്. പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അന്ന് ജാവദേക്കർ വന്ന് കണ്ടതുപോലെയാണ് വാർത്ത വന്നത്. ഇപ്പോ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആ ദിവസം നോക്കി സൂക്ഷ്മമായി വാർത്ത മെനഞ്ഞെടുക്കുകയാണ്. ഇതല്ലേ വിവാദ പണ്ഡിതൻമാർ ചെയ്യുന്ന കാര്യം. എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങളുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
വയനാട് ദുരിതബാധിതരോട് കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരേ അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതിനെതിരെ കോൺഗ്രസ് മിണ്ടിയില്ല. വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയം വന്നപ്പോൾ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്തു. എന്നാൽ, കേന്ദ്രം മറ്റു സംസ്ഥങ്ങളക്ക് സഹായം നൽകി. എന്നിട്ടും കേരളത്തിന് സഹായമില്ല. നമ്മൾ എന്താ ഇന്ത്യക്ക് പുറത്തുള്ളവർ ആണോ എന്നും അദ്ദേഹം ചോദിച്ചു.