വയനാടിനോടുള്ള കേന്ദ്ര അവഗണന;19 ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ
Friday, November 15, 2024 6:03 PM IST
കൽപ്പറ്റ: വയനാട് ദുരന്തബാധിതരോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. വയനാട്ടിൽ ഈ മാസം 19 ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു ജനതയും ഈ രാജ്യത്ത് ഇങ്ങനെ ഒരു അവഗണന അനുഭവിച്ചിട്ടുണ്ടാകില്ലെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.
കടകൾ അടച്ചും വാഹനം ഓടിക്കാതെയും ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും നേതാക്കൾ പറഞ്ഞു.
മൂന്ന് കാര്യങ്ങളാണ് നമ്മൾ ആവശ്യപ്പെട്ടതെന്ന് സിദ്ദിഖ് എംഎൽഎ പറഞ്ഞു. ഈ ദുരന്തത്തെ എൽ-3 ക്യറ്റഗറിയായി പ്രഖ്യാപിക്കണം. ദുരന്തബാധിതരുടെ കടങ്ങൾ ഏറ്റെടുത്ത് അത് എഴുതിത്തള്ളണം. അടിയന്തര സഹായം ലഭ്യമാക്കണം എന്നിവയായിരുന്നു മൂന്ന് ആവശ്യങ്ങൾ.
എന്നാൽ ഇവയിൽ ഒന്നും അംഗീകരിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. ഇതിൽ മന്ത്രിയുടെ വിശദീകരണമാണ് ഏറെ കൗതുകം. 2024-25 വർഷത്തേക്കുള്ള കേരള സർക്കാരിന്റെ എസ്ഡിആർഎഫ് ഫണ്ടിലേക്ക് 388 കോടി രൂപ നൽകിയതിന്റെ കണക്കും സർക്കാർ പറയുന്നു. എന്നാൽ ഇത് എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ 388 കോടിയില്‍ 291 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതം. 394 കോടി രൂപ എസ്ഡിആര്‍എഫ് ഫണ്ടിലുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചിട്ടുണ്ട്. അതിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നുമാണ് ആഭ്യന്തര സഹമന്ത്രി കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസിന് നല്കിയ കത്തില്‍ പറയുന്നത്.