ശബരിമലയിൽ നട തുറന്നു
Friday, November 15, 2024 4:15 PM IST
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം നാലിനാണ് നട തുറന്നത്. പിന്നീട് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെ എത്തി ആഴി തെളിയിച്ചതോടെ 41 നാള് നീളുന്ന മണ്ഡല കാല തീര്‍ഥാടനത്തിനു തുടക്കമായി.
മേല്‍ശാന്തി താഴെ കാത്തുനില്ക്കുന്ന നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. പിന്നാലെ ഭക്തരും പടി ചവിട്ടിത്തുടങ്ങി.
ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നന്പൂതിരിയുടെ അഭിഷേക ചടങ്ങുകള്‍ വൈകുന്നേരം ശബരിമല സന്നിധാനത്ത് ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. നിയുക്ത മേല്‍ശാന്തിയെ അഭിഷേകം ചെയ്ത് അവരോധിച്ചശേഷം ശ്രീകോവിലിനുള്ളിലെത്തിച്ച് മൂലമന്ത്രം ഓതിക്കൊടുക്കും.
മാളികപ്പുറത്ത് പുതിയ മേല്‍ശാന്തി വാസുദേവന്‍ നന്പൂതിരിയുടെ അഭിഷേകവും പിന്നാലെ തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തനും സന്നിഹിതനാകും. മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട അടച്ച് താക്കോല്‍ ദേവസ്വം അധികൃതരെ ഏല്പിക്കുന്നതോടെ ഒരുവര്‍ഷത്തെ അയ്യപ്പപൂജ പൂര്‍ത്തിയാക്കി അദ്ദേഹത്തിനു മലയിറങ്ങാം.
ശനിയാഴ്ച വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. തുടര്‍ന്നുള്ള ഒരുവര്‍ഷം നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ശബരിമലയില്‍ തന്നെ തങ്ങി പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കും. ശനിയാഴ്ച മുതല്‍ പുലര്‍ച്ചെ മൂന്നിനാണ് നട തുറക്കുന്നത്.