പുലികളിലൊന്ന് കൂട്ടിലായി; ഭീതിയൊഴിയാതെ പത്തനാപുരം
Friday, November 15, 2024 7:32 AM IST
പത്തനാപുരം: ചിതൽവെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലികളിലൊന്ന് കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് ഇന്ന് പുലർച്ചെ മൂന്നരയോടെ പുലി അകപ്പെട്ടത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് പിടിയിലായത്. വെറ്ററിനറി സർജൻ എത്തി പുലിയുടെ ആരോഗ്യനില പരിശോധിച്ചു.
ചിതൽ വെട്ടി എസ്റ്റേറ്റിനുള്ളിലെ പൊരുന്തക്കുഴി വെട്ടിഅയ്യം കശുവണ്ടി എസ്റ്റേറ്റിനുള്ളിലാണ് കഴിഞ്ഞ മാസം നാട്ടുകാർ പുലിക്കൂട്ടങ്ങളെ കണ്ടത്. രണ്ട് വലിയ പുലികളും കുഞ്ഞുങ്ങളും ഉള്ളതായി പ്രദേശവാസികൾ പറഞ്ഞിരുന്നു.
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ കശുമാവിൻ തോട്ടങ്ങളാണ് ഈ മേഖലയിലുള്ളത്. ഇവിടെനിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയായിട്ടാണ് വനമേഖലയുള്ളത്. രണ്ട് പുലികൾ മാത്രമാണ് ഉള്ളതെന്നും വിദൂരതയിൽനിന്ന് കണ്ടതിനാലാണ് കുഞ്ഞുങ്ങൾ ഒപ്പമുണ്ടെന്ന് തോന്നിയതെന്നുമാണ് വനംവകുപ്പിന്റെ നിഗമനം.
ഇതേതുടർന്ന് ആദ്യം ചിതൽവെട്ടി മേഖലയിൽ പുലി സാന്നിധ്യം തിരിച്ചറിയാൻ വനംവകുപ്പ് നീരിക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. ചിതൽവെട്ടി വെട്ടിഅയ്യം മേഖലയിൽ മൂന്ന് കാമറകളാണ് പത്തനാപു രം റെയ്ഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ദൃശ്യങ്ങളിൽ പുലി സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഒരാഴ്ച മുമ്പ് കൂട് സ്ഥാപിച്ചത്. ഇതിൽ ആണ് ഇപ്പോൾ പുലി കുടുങ്ങിയത്.
പുലി കൂട്ടിൽ ആയെങ്കിലും പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞിട്ടില്ല. എസ്എഫ്സികെയുടെ പത്തനാപുരം ചിതൽവെട്ടി എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലായി രണ്ടുമാസത്തിനിടെ പലതവണ പ്രദേശവാസികളും തോട്ടം തൊഴിലാളികളും പുലിക്കൂട്ടത്തെ കണ്ടിരുന്നു. എസ്റ്റേറ്റിനുള്ളിലെ വെട്ടിഅയ്യം, തൊണ്ടിയാമൺ, ചിതൽവെട്ടി, സെൻമേരിസ് നഗറിലെ ജനവാസ മേഖലയായ നെടുംപറമ്പ് തുടങ്ങിയ മേഖലകളിലാണ് പലപ്പോഴായി പുലിയെ കണ്ടത്.
തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ പോലും കഴിയാത്ത തരത്തിൽ ഭീതിവളർത്തിക്കൊണ്ട് പകൽ സമയങ്ങളിൽ പോലും പുലിക്കൂട്ടം കറങ്ങി നടക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം വർധിച്ചതോടെ ആണ് വനംവകുപ്പ് പുലിക്ക് കെണിയൊരുക്കാൻ തീരുമാനിച്ചത്. ഒരെണ്ണം കെണിയിൽ വീണെങ്കിലും പ്രദേശത്ത് കൂട് നിലനിർത്താനാണ് വനംവകുപ്പിന്റെ തീരുമാനം.