പെർത്തിലും പാക് ബൗളർമാർക്കു മുന്നിൽ അടിതെറ്റിവീണ് കംഗാരുക്കൾ; 140 നു പുറത്ത്
Sunday, November 10, 2024 1:06 PM IST
പെർത്ത്: മൂന്നാം ഏകദിനത്തിലും പാക് ബൗളർമാർക്കു മുന്നിൽ അടിപതറി ഓസ്ട്രേലിയ. പെർത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ വെറും 140 റൺസിനു പുറത്തായി. 30 റൺസെടുത്ത സീൻ ആബട്ടാണ് ടോപ് സ്കോറർ. മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻഷാ അഫ്രീദിയും നസീം ഷായുമാണ് കംഗാരുക്കളെ എറിഞ്ഞിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയരുടെ തുടക്കം തന്നെ മോശമായിരുന്നു. സ്കോർബോർഡിൽ 20 റൺസുള്ളപ്പോൾ ഏഴുറൺസുമായി ജെയ്ക്ക് ഫ്രേസർ-മക്ഗർക് മടങ്ങി. ഹാരിസ് റൗഫിനാണ് വിക്കറ്റ്. പിന്നാലെ ആരോൺ ഹാർഡിയെ (12) അഫ്രീദി പുറത്താക്കിയതോടെ രണ്ടിന് 36 റൺസെന്ന നിലയിലായി.
പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. മാത്യു ഷോർട്ട് (22), സീൻ ആബട്ട് (30), ആദം സാംപ (13), സ്പെൻസർ ജോൺസൺ (പുറത്താകാതെ 12) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കാണാനായില്ല.
പാക്കിസ്ഥാനു വേണ്ടി ഷഹീൻ ഷാഅഫ്രീദി 32 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ നസീം ഷാ 54 റൺസ് വഴങ്ങിയാണ് മൂന്നുവിക്കറ്റെടുത്തത്. ഹാരിസ് റൗഫ് രണ്ടുവിക്കറ്റും മുഹമ്മദ് ഹസ്നെയ്ൻ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 22 റൺസെടുത്തിട്ടുണ്ട്. 11 റൺസുമായി സയിം അയൂബും ഒമ്പതു റൺസുമായി അബ്ദുള്ള ഷഫീഖുമാണ് ക്രീസിൽ.
മൂന്നുമത്സരങ്ങളുടെ പരമ്പരയിൽ ഇന്നു ജയിച്ചാൽ പാക്കിസ്ഥാന് ഓസീസ് മണ്ണിൽ പരമ്പര സ്വന്തമാക്കാം. നിലവിൽ ഇരുടീമുകളും ഓരോ വിജയം സ്വന്തമാക്കിയിട്ടുണ്ട്.