ഇടതുമുന്നണിയിൽ കോഴ വച്ചുപൊറുപ്പിക്കാനാവില്ല; അന്വേഷണം വേണമെന്നു ബിനോയ് വിശ്വം
Saturday, October 26, 2024 12:32 PM IST
തിരുവനന്തപുരം: ഇടതുമുന്നണിയിലെ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും എൻസിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെയും മൗനം തുരുന്നതിനിടെ ശക്തമായ നിലപാടുമായി സിപിഐ രംഗത്ത്. കോഴ ആരോപണം ശരിയാണെങ്കിൽ വച്ചുപൊറുപ്പിക്കാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
കാലിച്ചന്തയിൽ പണം കൊടുത്ത് കാലികളെ വാങ്ങുന്നപോലെ എംഎൽഎമാരെ വിലയ്ക്കെടുക്കുന്നത് കേരളത്തിലില്ല. അത് ഇവിടെ നടത്താൻ അനുവദിക്കില്ല. കോഴ ആരോപണം ശരിയെങ്കിൽ അത് വച്ചുപൊറുപ്പിക്കാൻ പാടില്ല. ആരോപണത്തിൽ ഉചിതമായ അന്വേഷണം വേണമെന്നാണ് സിപിഐ നിലപാട്.
പണം കൊടുത്തു വാങ്ങാൻ എൽഡിഫിന്റെ എംഎൽഎമാർ വില്പന പണ്ടങ്ങളല്ല. പണം കാട്ടി വിളിക്കുമ്പോൾ പോകുന്നവരല്ല എൽഡിഎഫിലെ എംഎൽഎമാർ. അന്വേഷണം നടക്കട്ടെ. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ ആന്റണി രാജു, ആർഎസ്പി ലെനിനിസ്റ്റ് എംഎൽഎ കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ കുട്ടനാട് എംഎൽഎയും എൻസിപി ശരദ്പവാർ പക്ഷക്കാരനുമായ തോമസ് കെ. തോമസ് ശ്രമിച്ചുവെന്നാണ് ആരോപണം.