കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നും നീക്കിയേക്കും
Saturday, October 26, 2024 12:12 PM IST
കോഴിക്കോട്: കൊടുവള്ളിയിലെ മുൻ സിപിഎം സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയേക്കും. രാജിവയ്ക്കാൻ നിർദ്ദേശം നൽകിയതായാണ് സൂചന.
റസാഖ് വീണ്ടും പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം. എന്നാൽ തന്നോട് രാജിവയ്ക്കാൻ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കിൽ അവർക്ക് തന്നെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്നും കാരാട്ട് റസാഖ് പറഞ്ഞു.
ഇടതുമുന്നണിയോട് തെറ്റിപിരിഞ്ഞ അന്‍വറുമായി കഴിഞ്ഞ ദിവസം കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെത്തിയാണ് റസാഖ് അന്‍വറിനെ കണ്ടത്. അന്‍വര്‍ പറയുന്ന രാഷ്ട്രീയത്തെ പറ്റി പഠിക്കാനാണ് താന്‍ ചേലക്കരയിലെത്തിയതെന്നാണ് റസാഖ് കൂടിക്കാഴ്ചയെ കുറിച്ച് നൽകിയ വിശദീകരണം.