പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച മൂന്ന് പേർ പിടിയിൽ
Thursday, October 24, 2024 9:28 AM IST
കൊല്ലം: കൊല്ലത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. കൊല്ലം ചടയമംഗലം പോരേടം സ്വദേശികളായ നൗഫൽ , മുഹമ്മദ്, നൗഷാദ് എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച രാത്രിയാണ് പ്രതികൾ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും മറ്റ് ജീവനക്കാരെയും മർദിച്ചത്.
ഒരു അപകടത്തിൽ പരിക്കേറ്റ ആളെയും കൊണ്ടാണ് മൂന്ന് യുവാക്കൾ തിങ്കളാഴ്ച രാത്രി പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. ചികിത്സ വൈകുന്നതായി ആരോപിച്ച് ഡ്യൂട്ടി ഡോക്ടറുമായി ഇവർ വാക്കു തർക്കമുണ്ടായി. തുടർന്ന് ഡോക്ടറെയും ആശുപത്രിയിലെ മറ്റ് ജീവനക്കാരെയും യുവാക്കൾ കൈയേറ്റം ചെയ്തെന്നാണ് കേസ്.