പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമർപ്പണം: കൽപ്പറ്റയിൽ ഇന്ന് റോഡ് ഷോ
Wednesday, October 23, 2024 10:25 AM IST
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. പത്രികാ സമർപ്പണത്തിനു മുന്നോടിയായി നഗരത്തിൽ നടത്തുന്ന യുഡിഎഫ് റോഡ്ഷോ രാവിലെ 10.30ന് പുതിയ സ്റ്റാൻഡ് പരിസരത്ത് ആരംഭിക്കും. തുറന്ന വാഹനത്തിൽ രാഹുലും പ്രിയങ്കയും റോഡ് ഷോയുടെ ഭാഗമാകും.
മഹാറാണി വസ്ത്രാലയ പരിസരത്ത് സജ്ജമാക്കിയ വേദിയിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 12 ഓടെയാണ് പത്രികാ സമർപ്പണത്തിനു പ്രിയങ്ക കളക്ടറേറ്റിൽ എത്തുക. നഗരത്തിൽ ഇന്നു രാവിലെ ഒൻപത് മുതൽ ഉച്ചവരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.
പത്രികാസമർപ്പണത്തോടനുബന്ധിച്ച് ഇന്ന് കൽപ്പറ്റ നഗരം വിഐപി സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാകും. കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി ചെയർപേഴ്സണ് സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസൻ, മോൻസ് ജോസഫ്, അബ്ബാസലി ശിഹാബ് തങ്ങൾ, ഷിബു ബേബി ജോണ്, അനൂപ് ജേക്കബ് തുടങ്ങിയവർ പത്രികാ സമർപ്പണത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്ത് എത്തും.
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചൊവ്വാഴ്ച തന്നെ വയനാട്ടിലെത്തിയിരുന്നു. മൈസൂരുവിൽ വിമാനമിറങ്ങിയ ഇവർ റോഡ് മാർഗമാണ് ബത്തേരിയിൽ എത്തിയത്. കുപ്പാടി സപ്ത റിസോർട്ടിലായിരുന്നു താമസം.
മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്നു രാവിലെ കണ്ണൂരിൽ വിമാനമിറങ്ങി ഹെലികോപ്റ്ററിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ടിൽ എത്തും. ബത്തേരിയിൽനിന്ന് ഒന്നിച്ചാണ് നാലു പേരും കൽപ്പറ്റയ്ക്കു പുറപ്പെടുക.