പ്രതിഷേധക്കാരെ തല്ലിയ ഗൺമാൻമാർക്ക് ക്ലീൻചിറ്റ്: അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും
Thursday, October 17, 2024 10:43 AM IST
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻചിറ്റ് നൽകി കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആലപ്പുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
ഗൺമാൻമാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് അവരുടെ ഡ്യൂട്ടിയാണെന്നുമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റഫർ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
അതേസമയം, പോലീസിന്റെ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് മർദനമേറ്റ യൂത്ത്കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസും കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസും തടസഹർജി ഫയൽ ചെയ്യും. ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകളോടെയാണ് പരാതിക്കാർ കോടതിയെ സമീപിക്കുന്നത്.