രാഹുൽ മാങ്കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കും
Tuesday, October 15, 2024 5:31 PM IST
തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കുന്നു. ഇന്നു തന്നെ ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
സംസ്ഥാന നേതൃത്വം രമ്യാ ഹരിദാസിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേരുകളാണ് ഹൈക്കമാൻഡിനു നൽകിയിരിക്കുന്നത്. അതിനിടെ പാലക്കാട് സ്ഥാനാർഥിയാകുമെന്ന് കരുതുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എത്തും.
കോട്ടയത്ത് എത്തുന്ന രാഹുൽ മാങ്കൂട്ടത്തിൽ മണർകാട് പള്ളിയിലും പെരുന്ന എൻഎസ്എസ് ആസ്ഥാനത്തും സന്ദർശനം നടത്തും. ഷാഫി പറമ്പിൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തത്.